Monday, December 22, 2025

ഇന്ത്യൻ ബൗളർമാരുടെ ആറാട്ട് ! 200 കടക്കാനാകാതെ പാക് നിര ! അഞ്ച് ബൗളർമാർക്ക് രണ്ട് വിക്കറ്റ് വീതം

ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ബൗളർമാർ കളം നിറഞ്ഞപ്പോൾ പാക് പടയുടെ പ്രതിരോധം 192ൽ അവസാനിച്ചു. ഒരുഘട്ടത്തിൽ 2ന് 155 എന്ന ശക്തമായ നിലയിൽ നിന്നാണ് 42.5 ഓവറിൽ 191 എന്ന നിലയിൽ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത്. 36 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്ടമായത്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ 73 റൺസ് നേടുന്നതിനിടെ പാകിസ്ഥാന്റെ രണ്ട് ഓപ്പണർമാർ പുറത്തായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ അബ്ദുല്ല ഷഫീഖ് 8–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13–ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.

തുടർന്ന് ഒന്നിച്ച ബാബർ – റിസ്‌വാൻ സഖ്യം 19–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പാക്ക് ഇന്നിങ്സിൽ 82 റൺസാണ് പാക് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. 58 പന്തിൽ 50 റൺസ് നേടിയ ബാബറിനെ ക്ലീൻ ബോൾഡാക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീൽ (10 പന്തില്‍ 6) കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദും അതേ ഓവറിൽ ബോൾഡായി. ഒരു ഫോർ മാത്രമാണ് താരത്തിന് നേടാനായത്.

അർദ്ധ സെഞ്ചുറിക്ക് ഒരു റൺ അകലെ മുഹമ്മദ് റിസ്‌വാനെ തൊട്ടടുത്ത ഓവറിൽ ബുമ്ര മടക്കി. തൊട്ടടുത്ത ഓവറിൽ ഷദാബ് ഖാനെ (5 പന്തിൽ 2) ക്ലീൻ ബോൾഡാക്കി ബുമ്ര വീണ്ടും പാക് നിറയെ ഞെട്ടിച്ചു. 4 റൺസ് നേടിയ മുഹമ്മദ് നവാസിനെ ഹാർദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ 12 റൺസുമായി ഹസൻ അലിയും മടങ്ങി. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ഹാരിസ് റൗഫിനെ (6 പന്തിൽ 2) മടക്കിയ ജഡേജ പാക് ഇന്നിങ്സ് അവസാനിപ്പിച്ചു.

Related Articles

Latest Articles