തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് പാലക്കാട് ആര്‍ഡിഒ തള്ളിയത്. എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരംമാറ്റാന്‍ ഉള്ള അപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണം എന്നും ആര്‍ഡിഒ പറഞ്ഞു.നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.
സ്ഥലം കൃഷി ഭൂമിയാണെന്നും അവിടെ കൃഷി ചെയ്യുന്നുണ്ട് എന്ന് കൃഷി ഓഫീസര്‍ ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണം എന്നും ആര്‍ഡിഒ പറഞ്ഞു.
സിപിഐയുടെ കെ.രാജനാണ് റവന്യൂ വകുപ്പ് മന്ത്രി. പാലക്കാട് മദ്യനിര്‍മാണ ശാലയെ എതിർക്കുന്ന നിലപാടാണ് സിപിഐ കൈകൊണ്ടിരുന്നത്. എന്നാല്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കൃഷി സ്ഥലം ഒഴിവാക്കിയാണ് സർക്കാരിന് മാസ്റ്റർ പ്ലാൻ സമർപ്പിച്ചിരുന്നതെന്ന് ഒയാസിസ് കമ്പനി പറയുന്നു. അതനുസരിച്ചാണ് സർക്കാരിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചത്. ഏതൊക്കെ കൃഷിയിടം എന്ന് കൃത്യമായി മാർക്ക് ചെയ്തിരുന്നു. കൃഷിസ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തില്ലെന്നും കമ്പനി പറയുന്നു. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് പരാതി ഉയർന്നിരുന്നു.

