മോസ്‌കോ: ആശയ വിനിമയം ശക്തിപ്പെടുത്തുകയും അഭിപ്രായ വ്യത്യാസങ്ങളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ബ്രിക്സ് ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഷി ജിൻപിംഗ് വ്യക്തമാക്കിയതോടൊപ്പം, ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നത് ഇരുവർക്കും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിർത്തി പ്രശ്നങ്ങളിൽ ഉണ്ടായ ധാരണയെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം ലോക സമാധാനത്തിന് ആവശ്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. അതിർത്തി തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രത്യേക പ്രതിനിധികൾ തുടരുവാൻ തീരുമാനിച്ച ചർച്ചകൾ കൂടാതെ, ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂട്ടാൻ വിദേശകാര്യ മന്ത്രിമാരും പരസ്പര സംഭാഷണം നടത്തും. അഞ്ച് വർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സുപ്രധാന ചർച്ച ബ്രിക്സ് ഉച്ചകോടിയിലാണ് നടന്നത്.

