ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് റഷ്യന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടികാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് പുടിൻ വിശേഷിപ്പിച്ചത്.
റഷ്യയിലെ കസാനിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്കിടെ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പുടിൻ മോദിയെ ഔപചാരികമായി ക്ഷണിക്കുകയും ചെയ്തു.
‘ഒക്ടോബർ 22 നാണ് രണ്ടാമത്തെ യോഗം നടക്കുന്നത്. ദയവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കണം. അദ്ദേഹം ഞങ്ങളുടെ അടുത്ത സുഹൃത്താണ്,’ എന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവലുമായുള്ള ചർച്ചയിൽ പുടിൻ പറഞ്ഞു.
വാർഷിക ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി അടുത്ത മാസം റഷ്യയിലെ കസാനിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിൻ കൂട്ടിച്ചേർത്തു. യുക്രൈൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കിടെയാണ് ഡോവൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഡോവല് പുടിനോട് വിശദീകരിച്ചു.

