ടെൽ അവീവ്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള യുകെയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ രംഗത്ത്. പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുന്നത് ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ലെന്ന് ഇസ്രയേൽ ആരോപിച്ചു. യു.കെയിലെ ‘മുസ്‌ലിം ബ്രദർഹുഡ്’ സംഘടനയാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
‘ഹമാസ് നേതാക്കൾ തന്നെ പരസ്യമായി സമ്മതിക്കുന്നത്, ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്കുള്ള പ്രതിഫലമാണ് ഈ അംഗീകാരം എന്നാണ്,’ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിർപ്പ് അവഗണിച്ചുകൊണ്ടാണ് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം പലസ്തീന് ഔദ്യോഗിക അംഗീകാരം നൽകുന്ന പ്രമുഖ രാഷ്ട്രമാണ് യുകെ.
ഗാസയിൽ വെടിനിർത്തലുണ്ടാകാത്ത പക്ഷം സെപ്റ്റംബറിൽ തന്നെ പലസ്തീന് രാഷ്ട്രപദവി നൽകുമെന്ന് ബ്രിട്ടൻ മുൻപ് സൂചിപ്പിച്ചിരുന്നു. ഗാസയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുക, വെടിനിർത്തലിന് സമ്മതിക്കുക, വെസ്റ്റ് ബാങ്കിൽ കൂടുതൽ അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കുന്ന ദീർഘകാല സമാധാന പ്രക്രിയക്ക് പ്രതിജ്ഞാബദ്ധരാകുക എന്നീ ഉപാധികളാണ് ഇസ്രയേലിന് മുന്നിൽ ബ്രിട്ടൻ വെച്ചിരുന്നത്. എന്നാൽ ഹമാസ് തീവ്രവാദികളെ നിരായുധീകരിക്കുന്നത് വരെയും പോരാട്ടം തുടരുമെന്നാണ് ഇസ്രയേൽ നിലപാട്

