ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിനു പിന്നാലെ പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് രാജാവിന്റെ കീഴിലേക്ക് മാറും. ബ്രിട്ടന്റെ കറന്‍സിയിലും സ്റ്റാമ്പുകളിലും പതാകയിലും എല്ലാം 70 വര്‍ഷത്തിന് ശേഷം മാറ്റങ്ങള്‍ വരുകയാണ്. നിത്യേന ബ്രിട്ടീഷ് ജനത കൈകാര്യം ചെയ്തിരുന്ന പലതിലും ഇനി എലിസബത്ത് രാജ്ഞിയുടെ മുഖം ഉണ്ടാവില്ല. ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ സ്റ്റാമ്പുകള്‍ ഇവയിലെല്ലാം മാറ്റം വരും. ഒറ്റ രാത്രികൊണ്ട് ബ്രിട്ടീഷ് കറന്‍സിയില്‍ മാറ്റം വരില്ലെങ്കിലും കാലക്രമേണ ചാള്‍സ് മൂന്നാമന്റെ ചിത്രത്തോടെ പുതിയ നോട്ടുകളും നാണയങ്ങളും ഇറങ്ങുന്നതോടെ പഴയത് പിന്‍വലിക്കും.
എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെയുള്ള ഏകദേശം 450 കോടി കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 8000 കോടി പൗണ്ട് വരും. ദേശീയ ഗാനത്തിലും ഇനി മാറ്റം വരും. ”God save our gracious Queen” എന്നത് മാറി ”God save our gracious King” എന്നാകും ഇനി ആലപിക്കുക. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്പുകളിലൊക്കെ രാജ്ഞിക്ക് പകരം ഇനി പുതിയ രാജാവിന്റെ ചിത്രം ഇടംപിടിക്കും. രാജ്ഞിക്ക് വിധേയത്വവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എംപിമാര്‍ അധികാരമേല്‍ക്കുന്നത്. പുതിയ രാജാവിന് കീഴില്‍ ഇനി അവര്‍ക്കെല്ലാം സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
ബ്രിട്ടനില്‍ മാത്രമല്ല ഈ മാറ്റങ്ങള്‍ വരുക. ഓസ്‌ട്രേലിയയിലെ നാണയങ്ങളില്‍ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും ഇതുവരെ കണ്ടിരുന്നത് രാജ്ഞിയുടെ ചിത്രമാണ്. യുകെ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ആകെ മൊത്തം 35 രാജ്യങ്ങളിലെ നാണയങ്ങളില്‍ രാജ്ഞിയുടെ മുഖം ആലേഖനം ചെയ്തിരുന്നു.

