Sunday, December 14, 2025

കൊടും ക്രൂരത: മുംബൈയിൽ ട്രെയിൻ ശുചിമുറിയിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം; ബന്ധുവായ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

മുംബൈ : മുംബൈയിലെ ലോകമാന്യ തിലക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലെ ശുചിമുറിയിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഖുഷിനഗർ എക്സ്പ്രസിന്റെ എസി കോച്ചിലാണ് സംഭവം. ഗുജറാത്തിൽ നിന്ന് ബന്ധു തട്ടിക്കൊണ്ടുപോയ കുട്ടിയുടേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു.

ട്രെയിൻ ശുചീകരണ തൊഴിലാളിയാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) എന്നിവരെ വിവരമറിയിച്ചു. തുടർന്ന് ഇവർ ചേർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജവാഡി ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്തിലെ സൂറത്തിൽ നിന്ന് കാണാതായ കുട്ടിയാണ് ഇതെന്നാണ് പിന്നീട് തിരിച്ചറിഞ്ഞത്. കുട്ടിയുടെ തിരോധാനത്തിന് പിന്നിൽ ബന്ധുവായ വികാഷ് ഷാ ആണെന്ന് ആരോപിച്ച് കുടുംബം അംറോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മുംബൈയിലുണ്ടെന്ന് കണ്ടെത്തി. സൂറത്തിൽ നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിയുന്നത്.

കാണാതായ കുട്ടിയുടെ മൃതദേഹമാണിതെന്ന് സൂറത്തിലുള്ള കുട്ടിയുടെ വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ട്രെയിൻ ശുചിമുറിയിൽ മൃതദേഹം ഉപേക്ഷിച്ചെന്നാണ് കരുതുന്നത്. പ്രതിയായ വികാഷ് ഷായെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Latest Articles