ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് റഫയിലെ തുരങ്കത്തിൽ നിന്ന് കണ്ടെത്തിയ ഹമാസ് ബന്ദികളാക്കിയിരുന്ന ഇസ്രയേൽ പൗരന്മാരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഹമാസ് ഭീകരത പുറത്തു കൊണ്ട് വരുന്ന വിവരങ്ങങ്ങളാണ് റിപ്പോർട്ടിലുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് 48 മുതൽ 72 മണിക്കൂർ മുമ്പാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബന്ദികളെ ശാരീരികമായി ഉപദ്രവിച്ച ശേഷം ആറ് ബന്ദികളെയും ക്ലോസ് റേഞ്ചിൽ ഒന്നിലധികം തവണ വെടിവച്ചിട്ടുണ്ടെന്ന് അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചതായി ഇസ്രയേലിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, ഈഡൻ യെരുഷാൽമി, ഒറി ഡാനിനോ, അലക്സ് ലോബനോവ്, കാർമൽ ഗാറ്റ്, അൽമോഗ് സരുസി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.
ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഐഡിഎഫ് സതേൺ കമാൻഡിൻ്റെ തലവൻ മേജർ ജനറൽ യാറോൺ ഫിങ്കൽമാനും ബന്ദിയാക്കപ്പെട്ട പോയിൻ്റ് മാൻ മേജർ ജനറൽ (റിസ്.) നിറ്റ്‌സൻ അലോണും ഹാലേവിക്കൊപ്പം ഉണ്ടായിരുന്നു.
അടുത്തിടെ ഹമാസ് ഭീകരരുടെ കണ്ണ് വെട്ടിച്ച് ഒരു ബന്ദി രക്ഷപ്പെട്ടിരുന്നു. ഇയാളിൽ നിന്ന് ബന്ദികളെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇസ്രയേൽ സൈന്യത്തിന് ലഭിക്കുമെന്ന ആശങ്കയിലാണ് ഭീകരർ മറ്റുള്ളവരെ കൂടി വധിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു .

