ദില്ലി: നീണ്ടകാലത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ ൽ കരകയറുകയാണെന്ന് റിപ്പോർട്ട്. 17 വർഷത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 262 കോടിയുടെ ലാഭം. സബ്സ്ക്രൈബര്‍മാരില്‍ ഉണ്ടായ കുതിപ്പ്, ചെലവ് ചുരുക്കല്‍ നടപടി, സേവന വിപുലീകരണം എന്നീ നീക്കങ്ങളുടെ ആത്യന്തിക വിജയമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇതേ കാലയളവിലെ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) മുന്‍വര്‍ഷത്തേക്കാള്‍ വിവിധ മേഖലകളില്‍ 14 ശതമാനം മുതല്‍ 18 ശതമാനം വരെ വളര്‍ച്ച കൈവരിച്ചു. മൊബൈല്‍ സേവനം, ഫൈബര്‍ ടു ഹോം, ലീസ് ഡ് ലൈന്‍ എന്നിങ്ങനെ മേഖലകളിലെല്ലാമാണ് ഈ വളര്‍ച്ച.
.
നേട്ടം വലിയ വഴിത്തിരിവാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. 2007 ലാണ് ഏറ്റവും ഒടുവിലായി ബി എസ് എൻ എൽ ലാഭം നേടിയത്. 2024 ജൂണില്‍ കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 8.4 കോടിയായിരുന്നത് 2024 ഡിസംബറില്‍ 9 കോടിയായി വര്‍ധിച്ചു. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വരുമാന വളര്‍ച്ച 20 ശതമാനം കവിയുമെന്നാണ് പ്രതീക്ഷ. ബിഎസ്എന്‍എല്ലിന്റെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വര്‍ദ്ധിച്ചു. ഫൈബര്‍ ടു ദി ഹോം വരുമാനവും 18 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

