Sunday, December 14, 2025

ധർമ്മസ്ഥലയിലെ മനോരോഗി സി.എന്‍. ചിന്നയ്യ ;വ്യാജ ആരോപണമുന്നയിച്ച ശുചീകരത്തൊഴിലാളിയുടെ വിവരങ്ങൾ പുറത്ത് ; ഹാജരാക്കിയ തലയോട്ടിയും വ്യാജം

മംഗളൂരു : 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നൂറിലധികം പെൺകുട്ടികളെയും യുവതികളെയും കൊന്ന് കുഴിച്ചുമൂടിയെന്ന ആരോപണമുന്നയിച്ച മുന്‍ ശുചീകരണത്തൊഴിലാളിയുടെ ചിത്രങ്ങള്‍ പുറത്ത്. തെറ്റായ പരാതിയും തെളിവുകളും നൽകിയതിന്
പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചിത്രങ്ങൾ ദേശീയമാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിനടക്കം എത്തിച്ചിരുന്നത്. ഇയാൾ ഹാജരാക്കിയത് വ്യാജ തെളിവുകളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതോടെ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നുതുടങ്ങി.

മുന്‍ ശുചീകരണത്തൊഴിലാളിയുടെ പേര് സി.എന്‍. ചിന്നയ്യ എന്നാണ് വിവരം. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളാണെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലെ വിവരപ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ ശുചീകരണത്തൊഴിലാളിക്ക് പുറമേ കൂടുതല്‍പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. എസ്‌ഐടി നടത്തിയ ചോദ്യംചെയ്യലില്‍ ശുചീകരണത്തൊഴിലാളിതന്നെ ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്

അതേസമയം , ധര്‍മ്മസ്ഥലയില്‍ മകളെ കാണാതായെന്ന് ആരോപിച്ചിരുന്ന സുജാത ഭട്ട് എന്ന സ്ത്രീ തന്റെ ആരോപണം കള്ളമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. മെഡിക്കല്‍ വിദ്യാർത്ഥിനിയായ അനന്യഭട്ട് എന്ന തന്റെ മകളെ 2003-ല്‍ ധര്‍മ്മസ്ഥല സന്ദര്‍ശനത്തിനിടെ കാണാതായെന്നായിരുന്നു ഇവരുടെ നേരത്തെയുള്ള ആരോപണം. എന്നാല്‍, തനിക്ക് അങ്ങനെയുള്ള ഒരു മകളില്ലെന്നായിരുന്നു സുജാത ഭട്ട് കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തിയത്. ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരം തെറ്റായ പ്രസ്താവനകള്‍ നടത്തേണ്ടിവന്നതെന്നും സുജാത ഭട്ട് പറഞ്ഞിരുന്നു.സംഭവത്തില്‍ ഇവരുടെ പുതിയ മൊഴികള്‍ എസ്‌ഐടി ഉടന്‍തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.

Related Articles

Latest Articles