Sunday, December 14, 2025

‘അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോ?’; ആഗോള അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി : ആഗോള അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്?. അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു.
എന്നാല്‍ അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു.

‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്? സംഗമത്തിലേക്ക് ആരെയൊക്കെയാണ് ക്ഷണിക്കുന്നത്? ക്ഷണിതാക്കളുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടോ? പരിപാടിയുടെ ഭാഗമായി പണപ്പിരിവ് നടക്കുന്നുണ്ടോ? പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍, ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക?’ തുടങ്ങിയ കാര്യങ്ങളാണ് കോടതി ഇന്ന് പ്രധാനമായും ചോദിച്ചത്.

ശബരിമല വികസനത്തിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ആരില്‍ നിന്നും നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്‌പോണസര്‍ഷിപ്പ് വാങ്ങുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ ഒരു കമ്മിറ്റി ഉണ്ടാക്കിയിതായും 1300 കോടി രൂപയാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിന് വേണ്ടി വരുന്നതെന്നും റോപ്പ് വേ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരെങ്കിലും സഹായവുമായി എത്തിയാല്‍ സ്വീകരിക്കേണ്ടതില്ലേയെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആഗോള അയ്യപ്പസംഗമത്തില്‍ ആളുകളെ ക്ഷണിക്കുന്നതില്‍ പ്രത്യേക മാനദണ്ഡമുണ്ടോ എന്നും കോടതി ചോദിച്ചപ്പോൾ ഇതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലെന്നും വിശ്വാസികളെ മാത്രമാണ് പരിപാടിക്ക് ക്ഷണിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

അയ്യപ്പനില്‍ വിശ്വസമില്ലാത്തവരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സനാധനധര്‍മത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത് ദുരുദ്വേശത്തോടെയാണ്. മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം. അത് മറികടന്നാണ് അയ്യപ്പസംഗമം നടത്താനുള്ള തീരുമാനം. സ്‌പോണ്‍സര്‍ഷിപ്പ് അടക്കം ഏത് തരത്തിലും സ്വീകരിക്കുന്ന പണം മൂര്‍ത്തിയുടേതാണെന്നും അത് മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിരിക്കുന്നതെല്ലാം രാഷ്ട്രീയ നേതാക്കളെയാണെന്നും വ്രതമെടുത്ത് ആചാരങ്ങള്‍ പാലിക്കുന്നവരാണ് അയ്യപ്പന്‍മാരെന്നും അത്തരത്തിലുള്ള ഒരാള്‍ പോലും സംഗമത്തില്‍ പങ്കെടുക്കുന്നില്ലെന്നും പിന്നെ ഇതെങ്ങനെ അയ്യപ്പസംഗമമാകുമെന്നും ഹര്‍ജിക്കാരന്‍ ചോദിച്ചു.

Related Articles

Latest Articles