പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയിലെ കണ്ഡമാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തിങ്ങിക്കൂടിയ ജനങ്ങളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്. രാഷ്ട്രീയത്തിൽ താൽപര്യമില്ലാതിരുന്ന നവീൻ, പിതാവ് ബിജു പട്‌നായിക്കിന്റെ നിർബന്ധപ്രകാരമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
‘‘നവീൻ പട്‌നായിക് ദീർഘകാലമായി ഒഡീഷ മുഖ്യമന്ത്രിയാണല്ലോ. ഞാൻ അദ്ദേഹത്തിനു മുന്നിൽ ഒരു ചാലഞ്ച് വയ്ക്കുന്നു. കടലാസിന്റെ സഹായമില്ലാതെ, ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ അദ്ദേഹത്തിനു സാധിക്കുമോ? താൻ ഭരിക്കുന്ന സംസ്ഥാനത്തെ ജില്ലകളുടെ പേരു പറയാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ, നിങ്ങളുടെ വേദനകൾ അദ്ദേഹം എങ്ങനെ മനസ്സിലാക്കും? വലിയ വികസന സാധ്യതകൾ ഉണ്ടായിരുന്നിട്ടും, നവീൻ പട്നായിക്കിന്റെ ഭരണകൂടം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഒന്നും ചെയ്തില്ല. സാമ്പത്തിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് ഒഡീഷ” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അതേസമയം ഒഡീഷയിൽ നാല് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുക . ഈ മാസം 13നു ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനത്ത്, ജൂൺ ഒന്നിനാണ് വോട്ടെടുപ്പു പൂർത്തിയാകുക. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

