കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സംഭവത്തിൽ അറസ്റ്റിലായ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ പോളിടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അവസാനിച്ചപ്പോള്‍ രണ്ടുകിലോയോളം കഞ്ചാവാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടിച്ചെടുത്തത്. കേസില്‍ മൂന്നു പേരെ അറസ്റ്റുചെയ്യുകയും ചെയ്തു.
കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരെ ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയ കേസിലുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായും പറയപ്പെടുന്നുണ്ട്. ഇതില്‍ രണ്ടുപേരെ പിന്നീട് തിരിച്ചറിഞ്ഞു. ആദില്‍, അനന്തു എന്നിവരാണിത്. അറസ്റ്റിലായവരും ഓടിരക്ഷപ്പെട്ടവരും മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്.
പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ പെരിയാര്‍ ഹോസ്റ്റലിലെ എഫ് 39 എന്ന മുറിയാണ് അഭിരാജും ആദിത്യനും ഉപയോഗിച്ചിരുന്നത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പൊളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതിന് പുറമേ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കഞ്ചാവ് വലിക്കാന്‍ നിര്‍മിച്ച ക്രമീകരണങ്ങളും പോലീസ് കണ്ടെത്തി. ഇതിനൊപ്പം ഒരു ത്രാസും കണ്ടെടുത്തിരുന്നു. ക്യാംപസില്‍ ഹോളി ആഘോഷം നടക്കാനിരിക്കെയായിരുന്നു പരിശോധന. ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണ് വലിയ അളവിലെ കഞ്ചാവെന്നാണ് പോലീസ് പറയുന്നത്.

