Sunday, December 14, 2025

സിപിഎമ്മിന്റെ പിആർ പരിപാടി കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റില്ല ! ഒരു തരത്തിലുള്ള നികുതി വർധനവും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തൃശ്ശൂർ : സിപിഎമ്മിന്റെ പിആർ പരിപാടി കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാപ്‌സ്യൂൾ വിതരണം കൊണ്ട് മാവേലി സ്റ്റോറിൽ സാധനം എത്തില്ല. ഇനി ഒരു തരത്തിലുള്ള നികുതി വർധനവും അംഗീകരിക്കില്ല. ജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും വി ഡി സതീശൻ പറയുന്നു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണ്. പ്ലാൻ എ ഇല്ലെങ്കിൽ പ്ലാൻ ബി എന്നാണ് നേരത്തേ പറഞ്ഞത്. എന്നാൽ, എന്താണ് പ്ലാൻ ബി എന്ന് മനസ്സിലാകുന്നില്ല. സർവീസ് ചാർജുകൾ വർധിപ്പിക്കാനാണ് നീക്കമെങ്കിൽ അതിനെ എതിർക്കും എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, ഓണം സീസൺ വരികയാണ്. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ട സമയമാണ്. എന്നാൽ, വിലക്കയറ്റം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കേണ്ട സമയത്ത് നയാപൈസ കയ്യിലില്ലാതെ സ്ഥിതിഗതികൾ രൂക്ഷമാകുന്നുവെന്നും വി ഡി സതീശൻ തുറന്നടിച്ചു.

വയനാട് ദുരന്തത്തിൻ സർക്കാർ കൊടുക്കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ സർക്കാർ നിവേദനം കൊടുത്തോ എന്നൊന്നും അറിയില്ല. കൂടാതെ, പ്രധാനമന്ത്രി വന്നപ്പോൾ പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകേണ്ടതാണ്. ഇതുവരെ അത് കൈമാറിയിട്ടിയില്ല എന്നാണ് മനസിലാക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles