അലബാമയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു . അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടംബത്തിനാണ് അപകടം ഉണ്ടായത് . ഇവർ ഹൈദരാബാദ് സ്വദേശികളാണ് .അലബാമയിലെ ഗ്രീൻ കൗണ്ടിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ, ഇവർ സഞ്ചരിച്ച കാറിന് തീപിടിച്ചാണ് മരണം സംഭവിച്ചത്. തെറ്റായ ദിശയിൽ വന്ന ഒരു മിനി ട്രക്ക് ഇവരുടെകാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഹൈദരാബാദിലെ ട്രിമുൽഘേരി സ്വദേശിയും ഡാളസിൽ താമസക്കാരനുമായ ബെജുഗം വെങ്കട്ട് (ശ്രീ വെങ്കട്ട്), ഭാര്യ തേജസ്വിനി ചൊള്ളേട്ടി, ഇവരുടെ മക്കളായ സിദ്ധാർത്ഥ് (9), മൃദ (7) എന്നിവരാണ് മരിച്ചത്. യു.എസ്. സ്വാതന്ത്ര്യദിനമായ ജൂലൈ 4-നോടനുബന്ധിച്ചുള്ള അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദർശിച്ച് ഡാളസിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ കുടുംബം.
അതേസമയം എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ഒരു മിനി ട്രക്ക് ഇവരുടെ വാഹനത്തിൽ നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തീഗോളമായി മാറുകയും, കുടുംബം കാറിനുള്ളിൽ കുടുങ്ങിപ്പോവുകയുമായിരുന്നു. നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതിനാൽ, ഡി.എൻ.എ. പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
മൂന്ന് വർഷം മുൻപാണ് ഈ കുടുംബം ഡാളസിലേക്ക് താമസം മാറിയത്. അപകടസമയത്ത് വെങ്കട്ടിന്റെ മാതാപിതാക്കൾ അറ്റ്ലാന്റയിലെ ബന്ധുവീട്ടിൽ തങ്ങിയിരുന്നതിനാൽ അവർ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.അപകടത്തെക്കുറിച്ചുള്ള വാർത്തയറിഞ്ഞ് ഹൈദരാബാദിലെയും അമേരിക്കയിലെയും ഇന്ത്യൻ സമൂഹം ഞെട്ടലിലാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടുവരികയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

