സിനിമ ചിത്രീകരണത്തിനിടെ പൊതുനിരത്തിലുണ്ടായ വാഹനാപകടത്തിൽ പോലീസ് കേസെടുത്തു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിണത്തിനിടെ കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ നടന്ന അപകടത്തിൽ അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനും എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.
അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മൂവരും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. മൂവർക്കും നേരിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്.
വഴിയിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളിലും കാർ തട്ടുകയും ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചു. പിന്നാലെ ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തുടർന്ന് മുന്നോട്ട് നീങ്ങിയ കാർ പിന്നീട് ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.

