Sunday, December 14, 2025

വാഹനപരിശോധനയ്ക്കിടെ പോലീസുകാരന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി ! ഗുരുതര പരിക്ക്; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

തൊടുപുഴ : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. പലതവണ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എസ്ഐയുടെ കാലിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. മുഹമ്മദിന്റെ വലതുകാലില്‍ രണ്ട് ഒടിവുകളുണ്ട്. കഴുത്തിന് സമീപത്തുകൂടി വാഹനത്തിന്റെ ടയര്‍ കയറി ഇറങ്ങിയതിന്റെ പാടുണ്ട്. ഇടത് കൈയ്ക്കും മുറിവുകളുണ്ട്. വധശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പട്രോളിങ്ങിനിറങ്ങിയ എസ്ഐ മുഹമ്മദും സംഘവും വഴിയാഞ്ചിറ ഭാഗത്തുവെച്ച് രണ്ടുപേര്‍ വാഹനം നിര്‍ത്തി എന്തോ കൈമാറ്റം ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് പട്രോളിങ് വാഹനം നിര്‍ത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. അതിനിടെ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാറിനുള്ളില്‍ ഉണ്ടായിരുന്നവരോട് പുറത്തേക്ക് ഇറങ്ങാന്‍ എസ്‌ഐ ആവശ്യപ്പെട്ടു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ ഇതിന് തയ്യാറായില്ല.

ഈസമയം എസ്‌ഐ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ കാര്‍ മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചു. കാറിന്റെ മുന്‍ ചക്രം മുഹമ്മദിന്റെ കാലില്‍ കയറിയതോടെ റോഡിലേക്ക് വീണു. ഈ സമയം ഇവര്‍ കാര്‍ വലതുകാലിലൂടെ തുടവരെ ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ടെടുത്ത് മുഹമ്മദിന്റെ ദേഹത്തുകൂടി കയറ്റി. ഇതിനിടെ കാറിൽ നിന്ന് ഒരാള്‍ വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനവുമായി കടന്നുകളഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

Related Articles

Latest Articles