തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ കുത്തിയ കേസിൽ മുഖ്യ പ്രതി ജിത്തു അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി ജിത്തു ലഹരി മാഫിയുടെ കണ്ണിയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 19നായിരുന്നു ആക്രമണം നടന്നത്. കാട്ടാക്കട അമ്പലത്തിൻകാലയിൽ വച്ച് വിഷ്ണുവിനെ ജിത്തു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വിഷ്ണുവിന് കുത്തേറ്റത്. ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്‌ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയതിന് പിന്നാലെയായിരുന്നു ആക്രമണം. തലയിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. അമ്പലത്തിൻകാലയിൽ ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹാണ് വിഷ്ണു.

