തൃശ്ശൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ 25 ലക്ഷം രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്‌ക്വാഡ് ആണ് കാറിൽ സഞ്ചരിച്ചിരുന്ന മൂന്നംഗ സംഘത്തിൽ നിന്ന് പണം കണ്ടെടുത്തത്. കുളപ്പള്ളിയിൽ നിന്ന് ചെറുതുരുത്തിയിലേക്ക് പോകുകയായിരുന്ന കാർ ആണ് സംഘം പരിശോധിച്ചത്. കലാമണ്ഡലത്തിന് മുന്നിൽ വച്ചാണ് കാർ തടഞ്ഞ് പരിശോധിച്ചത്. തുക എണ്ണി തിട്ടപ്പെടുത്തി ആദായ നികുതി വകുപ്പിന് കൈമാറിയെന്നും പരിശോധന തുടരുകയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പണമാണെന്ന് പി വി അൻവർ എം എൽ എ ആരോപിച്ചു. ചെറുതുരുത്തിയിൽ ക്യാമ്പ് ചെയ്യുന്നത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും ചേലക്കരയിൽ ഇടതുമുന്നണി പണം ഒഴുക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദായ നികുതി വകുപ്പ് തുകയുടെ ഉറവിടം പരിശോധിച്ചുവരികയാണ്. കാനറാ ബാങ്കിൽ നിന്ന് കഴിഞ്ഞ ദിവസം പിൻവലിച്ച തുകയാണ് എന്ന് തെളിയിക്കുന്ന രേഖകൾ പിടിയിലായവർ നൽകിയിട്ടുണ്ട്. എന്നാൽ എന്തിനുവേണ്ടിയാണ് തുക കൊണ്ടുവന്നത് എന്ന് തെളിയിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല

