തിരുവനന്തപുരം: മുൻ എം എൽ എ ഹൈബി ഈഡൻ ഉപയോഗിച്ചിരുന്ന എം എൽ എ ഹോസ്റ്റലിൽ സിബിഐ റെയ്‌ഡ്. സോളാർ പീഡനക്കേസിൽ സരിതാ എസ് നായരുടെ പരാതിയിന്മേലാണ് സിബിഐ നടപടി. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് സംരംഭകയായിരുന്ന തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് സരിത എസ് നായരുടെ പരാതി. ഉമ്മൻ ചാണ്ടിക്ക് പുറമേ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, അന്ന് കോൺഗ്രസ് നേതാവായിരുന്ന എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് പരാതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലും, എം എൽ എ ഹോസ്റ്റലിലും, മസ്‌കറ്റ് ഹോട്ടലിലും താൻ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു പരാതി. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് 2021 ൽ കേസ് സരിതയുടെ ആവശ്യപ്രകാരം സിബിഐ ക്ക് വിടുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്കിരയായവരുടെ ബന്ധുക്കളുടെ സിബിഐ അന്വേഷണ ആവശ്യം പോലും കോടതികളിൽ എതിർത്ത് വാദിച്ചിരുന്ന പിണറായി സർക്കാർ സരിതയുടെ വെള്ളക്കടലാസ് അംഗീകരിച്ച് കേസ് ഉടൻ സിബിഐ ക്ക് വിട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
സിബിഐ കേസ് ഏറ്റെടുത്ത ശേഷം വിശദമായ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചിരുന്നു. അതിനു ശേഷമാണ് ആദ്യ ഘട്ട അന്വേഷണമെന്ന നിലയിൽ എം എൽ എ ഹോസ്റ്റലിൽ ഹൈബി ഈഡൻ താമസിച്ചിരുന്ന മുറിയിൽ ഇന്ന് സരിതയുമായി സിബിഐ തെളിവെടുപ്പിനെത്തിയത്. മൊഴികളും സാഹചര്യ തെളിവുകളും ആയുധമാക്കി കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് സിബിഐ ശ്രമം. ആരോപണങ്ങൾ തെളിവുകളോടെ സ്ഥാപിക്കാൻ സിബിഐ ക്കു കഴിഞ്ഞാൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സുപ്രധാന കേസ്സായി സോളാർ പീഡനക്കേസ് മാറും. വിവിധ സർക്കാർ അനുമതിക്കായി നേതാക്കളെ കണ്ട സംരംഭകക്ക് മടിക്കുത്തഴിക്കേണ്ടിവന്ന നാണം കേട്ട കഥയാകും അങ്ങിനെയെങ്കിൽ സ്ഥിരീകരിക്കപ്പെടുക

