കെയ്‌റോ: ഇരുപത്തിരണ്ട് മാസമായി തുടരുന്ന ഗാസ യുദ്ധത്തിന് വിരാമമിട്ട്, മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനായി മുന്നോട്ടുവെച്ച പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനമുണ്ടായിരിക്കുന്നത്
മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് ഹമാസ് കരാറിന് സമ്മതം അറിയിച്ചതെന്നാണ് വിവരം. കരാറിന്റെ ആദ്യ ഘട്ടത്തിൽ 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനുശേഷം രണ്ട് ഘട്ടങ്ങളായി ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനും നിർദേശമുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകൾ:
ആദ്യഘട്ടത്തിൽ ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെയും, തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാൻ ഹമാസ് സമ്മതിച്ചിട്ടുണ്ട്.
കീഴടങ്ങുന്നതിനുപകരം ആയുധങ്ങൾ ഉപേക്ഷിക്കാനും, രാജ്യാന്തര മേൽനോട്ടത്തിൽ അവ സൂക്ഷിക്കാനും ഹമാസ് സമ്മതിച്ചു.
യു.എൻ. മേൽനോട്ടത്തിൽ ഗാസയിൽ ഒരു അറബ് സേനയെ വിന്യസിക്കാനും കരാറിൽ നിർദേശമുണ്ട്.
ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ചും ദീർഘകാല വെടിനിർത്തലിനെക്കുറിച്ചും ഹമാസും ഇസ്രായേലും തമ്മിൽ പരോക്ഷ ചർച്ചകൾ ആരംഭിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ട്.
അതേസമയം, ഹമാസ് ആയുധങ്ങൾ വെച്ച് പൂർണമായി കീഴടങ്ങണമെന്ന നിലപാടിലാണ് ഇസ്രായേൽ. ഈ പശ്ചാത്തലത്തിൽ, പുതിയ നിർദേശത്തോട് ഇസ്രായേൽ യോജിക്കുമോ എന്നത് വ്യക്തമല്ല. നിലവിലെ സാഹചര്യത്തിൽ, പരോക്ഷ ചർച്ചകൾക്ക് താൽക്കാലികമായി ഇടമൊരുക്കുന്ന പുതിയ കരാർ അംഗീകരിക്കപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.

