കൊച്ചി : കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാർത്ഥിയും സംവിധായകനുമായ വി.എം. വിനുവിന് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് വി.എം. വിനു സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഇതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒരു പോലെയാണെന്നും വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നിൽക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
താന്‍ മേയര്‍ സ്ഥാനാര്‍ഥിയാണെന്നും താന്‍ ജയിക്കുമെന്ന് കണ്ട് ഭരിക്കുന്ന പാര്‍ട്ടി പേര് വെട്ടിയതാണെന്നുമാണ് വി.എം. വിനു കോടതിയില്‍ വാദിച്ചത്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ ഇല്ലയോ എന്ന് നോക്കാതെയാണോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്നതെന്നും ഇതൊക്കെ ശ്രദ്ധിക്കേണ്ടെയെന്നും കോടതി ചോദിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വൈഷ്ണ സുരേഷിന്റെ കേസ് വ്യത്യസ്തമാണ്. കരട് വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നു. പിന്നീടാണ് വെട്ടിയത്. എന്നാല്‍, ഈ കേസില്‍ അങ്ങനെ പറയാന്‍ പറ്റില്ല. 2020-ലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നു. അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

