Wednesday, December 17, 2025

സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് 342 കോടി രൂപയുടെ കേന്ദ്രാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയ്ക്ക് നടപ്പുവര്‍ഷം 342 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതിയായി. ഇതിൽ 219 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. മാനവവിഭവ മന്ത്രാലയത്തിന്‍റെ പ്രോഗ്രാം അപ്രൂവൽ ബോര്‍ഡ് യോഗമാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കാൻ സ്കൂളുകള്‍ക്ക് 5000 രൂപ അനുവദിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകള്‍ക്കും തുക ലഭിക്കും. 1285 സ്കൂളുകളിൽ പാചകപ്പുരകള്‍ നവീകരിക്കുന്നതിന് ഒരു സ്കൂളിന് 10000 രൂപ വീതം നല്‍കും. ഇതിനു പുറമെ 301 സ്കൂളുകളിൽ ഈ വര്‍ഷം പാചകപ്പുര നിര്‍മാണം പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികളുടെ ഓണറേറിയം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യത്തിന് അനുകൂല തീരുമാനമെടുത്തില്ല.

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ കേരളം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് യോഗം വിലയിരുത്തി. കൃഷിവകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്ന പദ്ധതി, ഭക്ഷണസാമ്പിളുകളുടെ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മുഖാന്തരം പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിശീലനം എന്നീ പദ്ധതികളെ യോഗം പ്രശംസിച്ചു.

Related Articles

Latest Articles