പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും തുര്‍ക്കിയുടെ ടിആര്‍ടി വേള്‍ഡിന്റെയും എക്‌സ് അക്കൗണ്ടുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. നേരത്തെ സൈനിക നടപടിയെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് ഗ്ലോബല്‍ ടൈംസിന് ചൈനയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്‌ലിയുടെ ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ലോബല്‍ ടൈംസ്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് സിന്‍ഹുവ. . തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും കൃത്യത ഉറപ്പാക്കാനും എംബസി നിര്‍ദേശിച്ചിരുന്നു.
സംഘര്‍ഷങ്ങള്‍ രൂക്ഷമായതുമുതൽ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം തെറ്റായ വിവരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി കണ്ടെത്തിയിരുന്നു

