Friday, December 19, 2025

മണിപ്പൂരിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ; കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തും

ദില്ലി: മണിപ്പൂർ വിഷയത്തിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. തിങ്കളാഴ്ച ദില്ലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക അവലോകനയോഗം നടന്നു. മണിപ്പൂർ ഗവർണറിൽ നിന്നും റിപ്പോർട്ടുകൾ തേടിയ ശേഷമായിരുന്നു മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കമുള്ളവരുമായി അമിത് ഷാ ചർച്ച നടത്തിയത്.

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ആദ്യം മെ​യ്തെ​യ്, കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്താൻ അമിത് ഷാ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ചർച്ച ഫലം കാണുന്നില്ലെങ്കിൽ കൂടുതൽ കേന്ദ്രസേനയെ മണിപ്പൂരിലേക്ക് വിന്യസിക്കണം എന്നാണ് അവലോകന യോഗത്തിൽ ഉണ്ടായിട്ടുള്ള മറ്റൊരു തീരുമാനം.

കേന്ദ്രസേനയുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും സൈന്യത്തെ തന്ത്രപരമായി വിന്യസിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. രണ്ടു മണിക്കൂർ സമയം നീണ്ടുനിന്ന അവലോകന യോഗത്തിൽ അമിത് ഷാ മണിപ്പൂരിലെ എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തി. കർശനമായ നടപടികൾ സ്വീകരിച്ച് മണിപ്പൂരിൽ കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പാക്കണം എന്ന് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ചീഫ് തപൻ ദേക, നിയുക്ത കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ജിഒസി ത്രീ കോർ എച്ച്എസ് സാഹി, മണിപ്പൂരിൻ്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി, മണിപ്പൂർ ഡിജിപി രാജീവ് സിംഗ്, അസം റൈഫിൾസ് ഡിജി പ്രദീപ് ചന്ദ്രൻ നായർ എന്നിവരും ദില്ലിയിൽ അമിത് ഷാ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ പങ്കെടുത്തിരുന്നു.

Related Articles

Latest Articles