കൊച്ചി: വയനാട് ദുരന്തം ഏതു വിഭാഗത്തിൽപ്പെടുത്തണം എന്നതിൽ തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ഉന്നത തല സമിതി ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സംസ്ഥാന സർക്കാരിനുള്ള അധിക ധനസഹായം അടക്കം അതിനുശേഷം കൈക്കൊള്ളുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ അഭിപ്രായം അറിയിച്ചത്. അതേസമയം ദുരന്തം അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് . പ്രകൃതി ദുരന്തങ്ങളെ നേരിടാനായി പാരാമെട്രിക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും ഈ പദ്ധതിയിൽ സ്വകാര്യ കമ്പനികളെയും പങ്കാളികളാക്കണമെന്നും റിപ്പോർട്ടിലുണ്ട്. നാഗാലാൻഡ് മാതൃകയിലുള്ള ഇൻഷുറൻസ് പദ്ധതിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.
പുനരധിവാസം വൈകുന്നു എന്ന് ആരോപിച്ച് വയനാട് ദുരിതബാധിതർ സമരം ആരംഭിച്ചു. മൂന്നുമാസമായിട്ടും പുനരധിവാസ പദ്ധതി ഇഴഞ്ഞു നീങ്ങുന്നുവെന്ന് ദുരിത ബാധിതർ പരാതിപ്പെടുന്നു. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പോലും പൂർത്തിയായില്ല. മാത്രമല്ല ഇത് നിയമക്കുരുക്കിലുമായി. വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ദുരിത ബാധിതരുടെ സമരം ശ്രദ്ധേയമാകുകയാണ്. നഷ്ടപരിഹാര തുക ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതി ഉണ്ടല്ലോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. നഷ്ടപരിഹാരം എത്രയും വേഗം ദുരിത ബാധിതർക്ക് നേരിട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

