ദിസ്പൂർ : പതിനാറാം നൂറ്റാണ്ടിൽ മഹാപുരുഷ് ശങ്കർദേവ് നെയ്തെടുത്ത പുരാതന തുണിത്തരമായ ‘വൃന്ദാവനി വസ്ത്രം’ നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് അസമിലേക്ക് തിരികെയെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നും 2027-ൽ ഈ ചരിത്രപ്രാധാന്യമുള്ള വസ്ത്രം അസമിൽ പൊതുപ്രദർശനത്തിനായി എത്തിക്കും. ദിസ്പൂരിൽ നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വൈഷ്ണവ സന്യാസി ഗുരു ശങ്കർദേവിന്റെ മാർഗനിർദേശപ്രകാരം ശിഷ്യന്മാരും മഥുരദാസ് ബുരാ ആട്ടയും ചേർന്നാണ് “വൃന്ദാവനി വസ്ത്രം”നെയ്തെടുത്തത്. ഒമ്പത് മീറ്റർ നീളമുള്ള സിൽക്ക് തുണിയിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കിഴക്കൻ ഇന്ത്യയിൽ ശ്രീകൃഷ്ണലീലകളുടെ ആദ്യത്തെ ഗ്രാഫിക്കൽ ചിത്രീകരണമായി ഇത് കണക്കാക്കപ്പെടുന്നു. പിന്നീട്, കാംരൂപ് രാജാവായിരുന്ന നരനാരായൺ ഈ വസ്ത്രം സ്വന്തമാക്കുകയും ഇത് ടിബറ്റിലേക്ക് എത്തുകയും ചെയ്തു. അവിടെ നിന്നും ബ്രിട്ടീഷുകാർ ഈ അമൂല്യ കലാസൃഷ്ടി സ്വന്തമാക്കി ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ എത്തിച്ചു. നൂറ്റാണ്ടുകളായി ഈ കരകൗശലവിദ്യയുടെ മാസ്റ്റർപീസ് യൂറോപ്പിലാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി അസമിന്റെ ഈ അഭിമാനമായ വസ്ത്രം തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇതിനായി ലണ്ടൻ സന്ദർശിക്കുകയും ബ്രിട്ടീഷ് മ്യൂസിയം അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. വൃന്ദാവനി വസ്ത്രം അസമിൽ 18 മാസത്തേക്ക് പൊതുപ്രദർശനത്തിനായി വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് മ്യൂസിയം അസം സർക്കാരിന് കത്തയച്ചിട്ടുണ്ട്. ഇതിന് ചില നിബന്ധനകളും അവർ മുന്നോട്ട് വെച്ചിട്ടുണ്ട്.
ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ആവശ്യകതകൾക്ക് അനുസരിച്ച് അത്യാധുനിക സജ്ജീകരണങ്ങളുള്ള ഒരു മ്യൂസിയം അസമിൽ നിർമ്മിക്കണം എന്നതാണ് അതിലൊന്ന്. ഈ മ്യൂസിയം നിർമ്മിക്കാൻ ജെഎസ്ഡബ്ല്യു ഫൗണ്ടേഷൻ തയ്യാറായിട്ടുണ്ട്. ഒക്ടോബറിൽ മുഖ്യമന്ത്രി ശർമ്മ കരാർ അന്തിമമാക്കുന്നതിനായി ലണ്ടനിലേക്ക് പോകും. ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ബ്രിട്ടീഷ് മ്യൂസിയത്തിന് പുറമേ, യൂറോപ്പിലെ മറ്റ് രണ്ട് മ്യൂസിയങ്ങളിലും വൃന്ദാവനി വസ്ത്രത്തിന്റെ മറ്റ് രണ്ട് പതിപ്പുകളുണ്ട്. വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിലും മ്യൂസി ഗിമെറ്റിലുമാണ് ഇവയുള്ളത്. എന്നാൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ളതാണ് ഗുരു ശങ്കർദേവ് നെയ്ത യഥാർത്ഥ വസ്ത്രമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
എല്ലാം പദ്ധതി അനുസരിച്ച് നടന്നാൽ, നൂറ്റാണ്ടുകൾക്ക് ശേഷം വൃന്ദാവനി വസ്ത്രം അസമിലേക്ക് തിരികെയെത്തും. ഇത് അസം ജനതയ്ക്ക് വലിയ ആവേശമാണ് നൽകുന്നത്.

