ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി .രാവിലെ ആറ് മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 9ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ തൃകൊടിയേറ്റും ചമയക്കൊടിയേറ്റും നടന്നു.

നാളെ രാവിലെ 8 മണിക്ക് ബ്രഹ്മ ശ്രീ രമേശ് ഇളമൺ നമ്പൂതിരി കാർമ്മികത്വത്തിൽ സർവ്വൈശ്വര്യ സ്വസ്തിയഞ്ജം ആരംഭിക്കും .
ഡിസംബർ 20ന് രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി സ്ത്രീകളുടെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിക്കും.
നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
ഡിസംബർ 26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ ഡിസംബർ 27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.
പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ് എന്നിവർ നേത്യത്വം നൽകും.

