മോസ്‌കോ : റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. വെല്ലുവിളികളെ വെല്ലുവിളിക്കുക എന്നത് തന്റെ ഡിഎൻഎയിൽ തന്നെ ഉള്ളതാണെന്നും മൂന്നാമൂഴത്തിൽ മൂന്നിരട്ടി ശക്തിയിലും പ്രവർത്തിക്കുമെന്ന് താൻ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോൾ ജനക്കൂട്ടം “മോദി മോദി” എന്ന് ആർത്തു വിളിക്കുകയും, മോദിയുണ്ടെങ്കിൽ സാധ്യമാണ് എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
“2014-ന് മുമ്പുള്ള അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞതാണ്, ഇതാണ് നമ്മുടെ ഏറ്റവും വലിയ മൂലധനം. നിങ്ങളെപ്പോലുള്ളവർ ഞങ്ങളെ അനുഗ്രഹിക്കുമ്പോൾ, ഏറ്റവും വലിയ ലക്ഷ്യങ്ങൾ പോലും കൈവരിക്കാനാകും. ഇന്നത്തെ ഇന്ത്യ മനസ്സ് വെക്കുന്ന ഏത് ലക്ഷ്യവും കൈവരിക്കുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. വരും വർഷങ്ങളിൽ ഇന്ത്യ ആഗോള വളർച്ചയുടെ പുതിയ അധ്യായം രചിക്കും.അതിനാൽ തന്നെ എൻ്റെ മൂന്നാം ടേമിൽ മൂന്ന് മടങ്ങ് വേഗത്തിലും മൂന്നിരട്ടി ശക്തിയോടെയും പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു” – പ്രധാനമന്ത്രി പറഞ്ഞു

