“ഭാരത് മാതാ കീ ജയ്” എന്ന് വിളിക്കുന്നത് വിദ്വേഷത്തിന് കാരണമാകില്ലെന്നും മറിച്ച് ദേശീയ ഐക്യം വളർത്തുന്നതാണെന്ന നിരീക്ഷണവുമായി കർണ്ണാടക ഹൈക്കോടതി. വർഗീയ വിദ്വേഷം വളർത്തിയെന്നാരോപിച്ച് സുരേഷ്, വിനയ്, രഞ്ജൻ, ധനഞ്ജയ്, സുഭാഷ് എന്നിവർക്കെതിരെ കർണ്ണാടക പോലീസ് ചുമത്തിയ എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ നാഗപ്രസന്നയുടെ സുപ്രധാന നിരീക്ഷണം. “ഭാരത് മാതാ കീ ജയ്” എന്ന് വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന ഒരു മുസ്ലീം യുവാവിന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജൂൺ 9ന് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന ദിവസം, 25 പേർ ചേർന്ന് ആക്രമിച്ചുവെന്നും രണ്ട് പേർക്ക് കുത്തേറ്റുവെന്നും പരാതി പറഞ്ഞാണ് ഉള്ളാള് താലൂക്ക് നിവാസികളായ യുവാക്കൾ പോലീസിനെ സമീപിച്ചത്. അക്രമികൾ തങ്ങൾ “ഭാരത് മാതാ കീ ജയ്” വിളിക്കുന്നത് ചോദ്യം ചെയ്തുവെന്നും യുവാക്കൾപറഞ്ഞു, എന്നാൽ പരാതിക്കാരെ തന്നെ പ്രതികളാക്കുന്ന നടപടിയാണ് കർണ്ണാടക പോലീസ് കൈക്കൊണ്ടത്. പ്രശ്നത്തിനിടയാക്കിയത് “ഭാരത് മാതാ കീ ജയ്” വിളിച്ചതാണ് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത് കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 153 എ പ്രകാരം പരാതിക്കാർക്കെതിരെ തന്നെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ സെക്ഷൻ 153 എ പ്രകാരം കേസെടുക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ കേസ് പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടാണ് കോടതി എഫ്ഐആർ തള്ളിയത്.

