Saturday, December 20, 2025

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി;മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്താറാട്ട് സെപ്റ്റംബർ 30ന്

മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. തിങ്കളാഴ്ച രാവിലെ ആറാട്ട് കടവിൽ വെച്ച് നടത്തപ്പെടും. ഈ മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് ആയതിനാൽ അതിവിശേഷമാണ്.തിരുവാഭരണങ്ങളായ പനന്തണ്ടൻ വളയും ഒഢ്യാണവും ദേവിക്കും ,ദേവനു നിലയങ്കിയും ചാർത്തും.മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് ആയതിനാൽ ആചാരപരമായിട്ടാണ് ഇത് ചാർത്തുന്നത് .മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് തൃപ്പൂത്താറാട്ട്.ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ് ഈ വിശേഷാല്‍ ആഘോഷത്തിന്റെ അടിസ്ഥാനം. തൃപ്പൂത്താറാട്ട് ദിവസം മുതല്‍ 12 ദിവസം വരെ മാത്രം ചെയ്യാനാകുന്ന ഒരു ഇഷ്ടവഴിപാട് ചെങ്ങന്നൂരമ്മയ്ക്കുണ്ട് അതാണ് ഹരിദ്ര പുഷ്പാഞ്ജലി.

ഒറ്റ ശ്രീകോവിലില്‍ ശിവപാര്‍വതി പ്രതിഷ്ഠയുള്ള ദിവ്യ സന്നിധിയാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. കിഴക്കുവശത്ത് ശ്രീ പരമേശ്വരനെയും പടിഞ്ഞാറ് വശത്ത് ശ്രീപാര്‍വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശിവനാണ് പ്രധാന മൂര്‍ത്തിയെങ്കിലും പാര്‍വതിക്കാണ് പ്രാധാന്യം. 28 ദേവതകളുടെ പ്രതിഷ്ഠയുള്ള മതിലകത്ത് ശിവന് കിഴക്കോട്ടും ഭഗവതിക്ക് പടിഞ്ഞാറോട്ടും ദര്‍ശനം. ദേവീ വിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണ്. ദിവസവും നിര്‍മ്മാല്യം മാറ്റുന്ന അവസരത്തില്‍ മേല്‍ശാന്തി ദേവിയുടെ ഉടയാടയില്‍ രജസ്വലയായതിന്റെ അടയാളം ശ്രദ്ധിക്കും. അതിന്റെ പാടുകണ്ടാല്‍ മൂന്നു നാളത്തേക്ക് പടിഞ്ഞാറേ നട അടച്ചിട്ട് ബലിബിംബത്തില്‍ ഭഗവതീ ചൈതന്യം മാറ്റിയിരുത്തും. നാലാംദിവസം രാവിലെ ദേവിയെ മിത്രപ്പുഴക്കടവിൽ ആറാട്ടിന് എഴുന്നള്ളിക്കും. സാധാരണ ആറാട്ടുകളുടെ അതേ ചടങ്ങുകളാണ് തൃപ്പൂത്താറാട്ടിനുമുള്ളത്. ആറാട്ട് കഴിഞ്ഞ് പമ്പയുടെ കരയിലെ കുളിപ്പുരയിലേക്ക് ദേവിയെ എഴുന്നെള്ളിച്ച് ഇരുത്തും. ക്ഷേത്രത്തിലേക്കുള്ള തിരിച്ച് എഴുന്നള്ളത്തും ആര്‍ഭാടത്തോടെയാണ്. തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാന്‍ ചെങ്ങന്നൂരപ്പന്‍ ആനക്കൊട്ടിലേക്ക് എഴുന്നള്ളും. കൂട്ടിയെഴുന്നള്ളിപ്പുകള്‍ക്കു ശേഷം പടിഞ്ഞാറേ നട വഴി ദേവിയെ അകത്തേക്കും അതിന് ശേഷം തേവരെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്കും തിരിച്ചെഴുന്നള്ളിക്കുന്നു.

Related Articles

Latest Articles