Saturday, December 13, 2025

ഛത്തീസ്ഗഢ് മനുഷ്യക്കടത്ത് കേസ്; കന്യാസ്ത്രീകൾ ദില്ലിയിൽ ; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുന്നു

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ദില്ലിയിലുള്ള വീട്ടിലാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനൊപ്പം എത്തിയത്. കേസിന്റെ മുമ്പോട്ടുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

കേസിൽ നിലവിൽ ജാമ്യം മാത്രമാണ് കന്യാസ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളുമായി മുമ്പോട്ടു പോകുമെന്നാണ് വിവരം. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. ജൂലൈ 27 നാണ് ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. മതപരിവർത്തന മാഫിയ സജീവമായ ദുർഗിൽ പെൺകുട്ടികളെയും കന്യാസ്ത്രീകളെയും കണ്ടതോടെ ആളുകൾ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെൺകുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നൽകിയതോടെ സ്ഥിതി വഷളായി.

പിന്നീട് 9 ദിവസങ്ങൾക്ക് ശേഷം എൻഐഎ കോടതി ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിന് പുറമെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, രാജ്യം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, രണ്ടാഴ്ചയിലൊരിക്കൽ സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവർ കന്യാസ്ത്രീകളെ സ്വീകരിക്കാൻ ദുർഗ്ഗിലെ ജയിലിലെത്തിയിരുന്നു,

Related Articles

Latest Articles