തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി മാംസാഹാരവും വിളമ്പും. 1930 ല്‍ സ്ഥാപിതമായി കലാമണ്ഡലത്തിൽ തുടർന്ന് വന്നിരുന്ന 94 വർഷത്തെ പാരമ്പര്യ രീതിയെ തകർത്ത് ക്യാന്റീനിൽ ചിക്കന്‍ ബിരിയാണി വിളമ്പി.കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയാണ് കാന്റീനില്‍ വിളമ്പിയത്.
അദ്ധ്യാപകരടക്കം അടക്കം ഒരു വിഭാഗം കാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് വാദമുയരുന്നത്.
ശരീരത്തിന്റെ വഴക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് ചികിത്സകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
അതേസമയം മാസത്തിൽ ഒന്നോ രണ്ടോ തവണ മാംസാഹാരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു.
“ഇപ്പോൾ സസ്യേതര ഭക്ഷണം കഴിച്ച 480 വിദ്യാർഥികളിൽ 450 പേരും മാംസാഹാരമാണ് സ്വീകരിച്ചത്. ഇത് സ്ഥിരം സംവിധാനമല്ല. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഇത്തരത്തിൽ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ അടുക്കളയിൽ മാംസാഹാകം പാചകം ചെയ്യാനുള്ള സംവിധാനം ഇല്ല. എല്ലാദിവസവും മാംസാഹാരം കൊടുക്കണമെന്നല്ല, കുട്ടികളുടെ ആവശ്യമനുസരിച്ച് വല്ലപ്പോഴും മാംസാഹാരം കൊടുക്കാനുള്ള സാഹചര്യമാണ് ആലോചിക്കുന്നത്.”- രജിസ്ട്രാർ പറഞ്ഞു

