Saturday, December 20, 2025

എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും കാര്‍ത്തിക്കും മുന്‍കൂര്‍ ജാമ്യം

ദില്ലി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം. ദില്ലിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. എന്നാല്‍ സുപ്രീംകോടതിയില്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇതേത്തുടര്‍ന്ന് ചിദംബരം ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

3,500 കോടി രൂപയുടെ വന്‍ ഇടപാടായിരുന്നു എയര്‍സെല്‍ – മാക്‌സിസ് ടെലികോം കമ്പനികളുടെ ലയനം. എന്നാല്‍ ഇതില്‍ 800 മില്യണ്‍ കോടിയുടെ നിക്ഷേപം എയര്‍സെല്‍ കമ്പനിക്ക് ലഭിച്ചത് വഴിവിട്ട രീതിയിലൂടെയാണെന്നതാണ് കേസിനാസ്പദമായ സംഭവം.

അതേസമയം, ഇന്ന് സുപ്രീംകോടതിയില്‍ ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി തള്ളി. ഇപ്പോള്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഇതോടെ നിലവില്‍ സി.ബി.ഐ കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് അറസ്റ്റ് ചെയ്യാം. ചോദ്യം ചെയ്യലിന് വിധേയമാക്കാം. അറസ്റ്റും തിഹാര്‍ ജയിലുമൊക്കെ ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായി ഇത്.

കേസുകള്‍ക്ക് മേല്‍ കേസുകളുടെ കുരുക്കില്‍പ്പെട്ട് വലയുന്നതിനിടെ, എയര്‍സെല്‍ മാക്‌സിസ് കേസില്‍ താല്‍ക്കാലിക സംരക്ഷണം ലഭിച്ചത് പി ചിദംബരത്തിന് ആശ്വാസമാവുകയാണ്.

Related Articles

Latest Articles