തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒടുവിൽ മൗനമുപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പി പി ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന ഇടതു മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ശക്തമായ നിലപാടെടുക്കുമ്പോഴും വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച മൗനം കടുത്ത വിമർശനം ക്ഷണിച്ച് വരുത്തിയിരുന്നു.
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. ഇപ്പോള്‍ നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് തെളിവ് ശേഖരണത്തിലാണ്. ആ അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുമുണ്ടാകില്ല. നവീന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ നില്‍ക്കേണ്ടത്. മറിച്ചുള്ള പ്രസ്താവനകള്‍ എല്‍.ഡി.എഫ് നേതാക്കന്‍മാര്‍ നടത്തരുത്”- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഇപ്പോഴും എവിടെയാണെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.

