Sunday, December 14, 2025

‘ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതേ സംഭവിച്ചിട്ടുള്ളൂ’, ശിവൻകുട്ടിക്ക് കവചമൊരുക്കിക്കൊണ്ട് ഗവർണറുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി ! സർക്കാർ – ഗവർണർ പോര് മുറുകുന്നു !

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടുള്ള ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവർണർക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകിയത്. ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നും ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാൻ കഴിയൂവെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളിൽ ദേശീയ ചിഹ്നവും, പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി കത്തിലൂടെ പറഞ്ഞു

ജൂണ്‍ 19-ന് രാജ്ഭവനില്‍ സംഘടിപ്പിച്ച ‘ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്’ രാജ്യപുരസ്‌കാരദാന വേദിയില്‍നിന്നാണ് അദ്ധ്യക്ഷത വഹിക്കേണ്ട വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയത്. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണറായിരുന്നു മുഖ്യാതിഥി. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും വി ശിവൻ കുട്ടി ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്നും രാജ്ഭവൻ പിന്നീട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു

ജൂണ്‍ അഞ്ചാം തീയതി രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍നിന്ന് കൃഷിമന്ത്രി പി. പ്രസാദ് പിന്മാറിയതാണ് ഭാരതാംബ ചിത്ര വിവാദത്തിന് തിരികൊളുത്തിയത്. സര്‍ക്കാരിന്റെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കൃഷിമന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത്.

ഇന്നലെ കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ വേദിയില്‍ ഭാരതാംബയുടെ ചിത്രംവെച്ചതിനെതിരേ എസ്എഫ്‌ഐയും കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ – ഡിവൈഎഫ്ഐ,കെഎസ്‌യു പ്രവർത്തകർ സംഘടിച്ചെത്തി സെനറ്റ് ഹാൾ പൂട്ടി ഗവർണർ പരിപാടിയിൽ പങ്കെടുക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം തന്നെ മുഖ്യാതിഥിയായി തന്നെ ഗവർണർ പരിപാടിയിൽ പങ്കെടുത്തു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം വേദിയിലേക്ക് പ്രവേശിച്ചത്.

അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഭാരതാംബ ഏത് മതചിഹ്നമെന്ന് രാജ്ഭവൻ തിരിച്ചടിച്ചു.

ഗവർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്ന ചടങ്ങിൽ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളായ സിൻഡിക്കേറ്റ് അംഗങ്ങളും എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത്. ബിജെപി അനുകൂലികൾ മറുവശത്തും സംഘടിച്ചു. സെനറ്റ് ഹാളിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കരുതെന്ന് രജിസ്ട്രാർ രാജ്‌ഭവനെ അറിയിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഗവർണർ വേദിയിലേക്ക് വരികയായിരുന്നു.

Related Articles

Latest Articles