തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ ആവശ്യപ്പെട്ടു. വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണറുടെ അസാധാരണ നീക്കം.
ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ഉണ്ടായിരുന്ന മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുക്കുന്നത്. എന്നാൽ പരാമർശം ഹിന്ദു തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നൽകുന്ന വിശദീകരണം.
അതേസമയം വിവാദ പരാമർശം അഭിമുഖത്തിൽ ചേർക്കാൻ ആവശ്യപ്പെട്ടത് കെയ്സൻ എന്ന പിആർ ഏജൻസിയാണെന്ന ഹിന്ദുവിന്‍റെ വിശദീകരണത്തിൽ ഇതുവരെ മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തിട്ടില്ല. അഭിമുഖം വളച്ചൊടിച്ചെങ്കിൽ ഏജൻസിക്കും ദ ഹിന്ദുവിനുമെതിരെ ഇത്ര ദിവസം എന്ത് ചെയ്തുവെന്ന് ഗവർണ്ണർ ചോദിച്ചാൽ ചീഫ് സെക്രട്ടറി എന്ത് മറുപടി നൽകുമെന്ന ആകാംക്ഷയിലാണ് കേരളം

