മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ സാജിദ് മീറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായി ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നിർദ്ദേശം എതിർത്ത് ചൈന. യുഎന്‍ രക്ഷാസമിതിയുടെ 1267 ലെ അല്‍ ഖ്വയ്ദ ഉപരോധ സമിതിയുടെ കീഴില്‍ സാജിദ് മീറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആസ്തി മരവിപ്പിക്കല്‍, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയമാക്കാനുമായിരുന്നു ഇന്ത്യയും യുഎസും നിര്‍ദ്ദേശം നൽകിയത്. യുഎസ് മുന്നോട്ടുവെച്ച ശുപാര്‍ശയെ ഇന്ത്യ പിന്താങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, യുഎന്നില്‍ സാജിദ് മീറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാതെ ചൈന തടഞ്ഞുവെച്ചിരുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന ഭീകരരില്‍ ഒരാളാണ് സാജിദ് മീര്‍. കൂടാതെ അമേരിക്ക സാജിദ് മീറിന്റെ തലയ്ക്ക് 5 മില്യണ്‍ ഡോളര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണില്‍, പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ സാജിദ് മീറിനെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
നേരത്തെ സാജിദ് മീര്‍ മരിച്ചതായി പാകിസ്താന്‍ അധികാരികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ മരണത്തിന് തെളിവ് ആവശ്യപ്പെട്ടു. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മീര്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ടിയിലെ മുതിര്‍ന്ന അംഗമാണ്. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിര്‍വ്വഹണത്തിലും പ്രധാന പങ്ക് വഹിച്ച ഇയാൾ ലഷ്‌കറിന്റെ ഓപ്പറേഷന്‍സ് മാനേജരായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിരുന്നു.

