Friday, December 12, 2025

അമേരിക്കയ്ക്ക് സോയാബീനിൽ പണി കൊടുത്ത് ചൈന; കർഷകർ കടുത്ത പ്രതിസന്ധിയിൽ; വില 40% ഇടിഞ്ഞു; സാഹചര്യം മുതലെടുത്ത് അർജന്റീനയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും

വാഷിങ്ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായതോടെ അമേരിക്കയിലെ സോയാബീൻ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഒരിക്കൽ അമേരിക്കൻ സോയാബീൻ കയറ്റുമതിയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്ന ചൈന, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ താരിഫ് നയങ്ങൾ കാരണം ചൈന ഓർഡറുകൾ നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം.

മേരിലാൻഡിലെ കർഷകനായ ട്രാവിസ് ഹച്ചിസൺ തന്റെ പാടം വിളവെടുപ്പിന് ഒരുങ്ങുന്നതിനിടെ, ഉൽപാദനം മോശമല്ലെങ്കിലും വരുമാനം ഉറപ്പില്ലാത്ത അവസ്ഥയിലാണ്. “വ്യാപാര യുദ്ധം കാരണം സോയാബീൻ വില കുത്തനെ ഇടിഞ്ഞു,” 54-കാരനായ ഹച്ചിസൺ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സോയാബീൻ വില ഏകദേശം 40% കുറഞ്ഞു.

2024-ൽ അമേരിക്കയുടെ 24.5 ബില്യൺ ഡോളർ മൂല്യമുള്ള സോയാബീൻ കയറ്റുമതിയുടെ പകുതിയിലധികം വാങ്ങിയത് ചൈനയായിരുന്നു. എന്നാൽ ഈ വർഷം ചൈനയിലേക്കുള്ള കയറ്റുമതിയുടെ മൂല്യം 50 ശതമാനത്തിലധികം കുറഞ്ഞു. ആവശ്യകത കുറഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണം.

ട്രമ്പ് തന്റെ രണ്ടാമൂഴത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ, അമേരിക്കൻ സോയാബീനുകൾക്കുള്ള ചൈനയുടെ പ്രതികാര തീരുവ 20 ശതമാനമായി ഉയർന്നു. ഇതോടെ അമേരിക്കൻ സോയാബീനുകൾക്ക്വില വർധിച്ചു. അർജന്റീന പോലുള്ള രാജ്യങ്ങൾ സോയാബീനുൾപ്പെടെയുള്ള പ്രധാന വിളകളുടെ കയറ്റുമതി നികുതി നിർത്തിവെച്ചതും ചൈനീസ് ഉപഭോക്താക്കളെ അങ്ങോട്ട് ആകർഷിക്കാൻ കാരണമായി.

2018 മുതൽ 2019 വരെ പ്രതികാര തീരുവ കാരണം അമേരിക്കൻ കാർഷിക കയറ്റുമതിക്ക് 27 ബില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചിരുന്നു. അന്ന് കർഷകരെ സഹായിക്കാൻ സർക്കാർ 23 ബില്യൺ ഡോളർ ധനസഹായം നൽകി. എന്നാൽ ഇത്തവണ ഉയർന്ന സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ വ്യാപാര യുദ്ധത്തെ നേരിടുന്നത്. വിളകളിൽ നിന്നുള്ള വരുമാനം കുറഞ്ഞപ്പോൾ, ട്രമ്പിന്റെ പുതിയ താരിഫുകൾ കാരണം വളങ്ങൾക്കും ഉപകരണങ്ങൾക്കുമുള്ള ചെലവ് കുതിച്ചുയർന്നു.

ഈ വർഷം അമേരിക്കയിലെ കാർഷിക പാപ്പരത്തങ്ങൾ 2024-നെ അപേക്ഷിച്ച് ഏകദേശം 50 ശതമാനം വർധിച്ചതായി അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ ചാഡ് ഹാർട്ട് അറിയിച്ചു.

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100% അധിക താരിഫ് ചുമത്തുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചകൾ റദ്ദാക്കുമെന്നും ട്രമ്പ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്തകൾ പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഈ സമയത്ത് ഈ സംഭവവികാസങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്ന് അമേരിക്കൻ സോയാബീൻ അസോസിയേഷൻ (ASA) പ്രസിഡന്റ് കാലേബ് റാഗ്ലാൻഡ് പ്രതികരിച്ചു.

വ്യാപാര നയങ്ങളെ പിന്തുണച്ചിരുന്ന കർഷകർ പോലും ഇപ്പോൾ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ആശങ്കയിലാണ്.

Related Articles

Latest Articles