ശ്രീനഗർ: ലഡാക്കില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈനികനെ സുരക്ഷസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് ചൈനീസ് സൈനികനെ സൈന്യം പിടികൂടിയത്. സൈനികനെ പിടികൂടിയ വിവരം ഇന്ത്യ ചൈനയെ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ദക്ഷിണ പാംഗോങ് സോ തടാകത്തിന് സമീപമുള്ള നിയന്ത്രണ രേഖയാണ് സൈനികന്‍ ലംഘിച്ചത്. ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനീസ് സൈനികന്‍ ബോധപൂര്‍വമാണോ അതിര്‍ത്തി ലംഘിച്ചതെന്ന കാര്യം പരിശോധിച്ചുവരികയാണ്.
ഇയാള്‍ വഴിതെറ്റി എത്തിപ്പെട്ടു എന്നാണ് പുറത്തു വരുന്ന സൂചന.
എൽ.എ.സിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ഒക്ടോബറില്‍ ലഡാക്കിലെ ദെംചോക്ക് മേഖലയില്‍ നിന്ന് ഒരു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു. ഗാൽവാൻ താഴ്വരയിലിൽ ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ സൈനീകരെ ആക്രമിച്ചതിന് പിന്നാലെ പ്രദേശത്ത് കർശനമായ സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.

