കൊച്ചി: മലയാറ്റൂരില്‍ ആളൊഴിഞ്ഞ പറമ്പിൽ 19 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം.ചിത്രപ്രിയയുടെ മരണ കാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്കെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും കുട്ടിയുടെ തലയില്‍ അടിയേറ്റതിന്‍റെ ഒന്നില്‍ കൂടുതല്‍ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് അലനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളുരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് മറ്റൊരു ആൺസുഹൃത്ത് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇയാൾ മദ്യലഹരിയിൽ കല്ലുകൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.
ബെംഗളൂരുവിലെ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി നാട്ടിലെത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടി മടങ്ങി വരാതായതോടെ തെരച്ചിൽ തുടങ്ങിയ വീട്ടുകാർ കാലടി പോലീസിന് പരാതി നൽകി. അന്വേഷണം തുടരുന്നതിനിടെ ചിത്ര പ്രിയയുടെ ആൺ സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂർ നക്ഷത്ര തടാകംത്തിനരികിൽ ഉള്ള വഴിയിൽ, ഒഴിഞ്ഞ പറമ്പിൽ ചിത്ര പ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
ചിത്രപ്രിയയും ആണ്‍ സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം കൂടി പിന്നാലെ ലഭിച്ചതോടെയാണ് അലനെ കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

