Friday, December 12, 2025

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കണ്ണുനീർ !സ്വകാര്യ കത്തോലിക്കാ സ്കൂളിൽ നിന്ന് 303 വിദ്യാർത്ഥികളെയും 12 അദ്ധ്യാപകരെയും തട്ടിക്കൊണ്ട് പോയി ! പിന്നിൽ ഇസ്‌ലാമിക ഭീകരരെന്ന് സംശയം

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്ക്-മധ്യ ഭാഗത്തുള്ള നൈജർ സംസ്ഥാനത്തെ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ നിന്ന് 300-ൽ അധികം വിദ്യാർത്ഥികളെയും 12 അദ്ധ്യാപകരെയും സായുധ സംഘം തട്ടിക്കൊണ്ടുപോയി. പിന്നിൽ ഇസ്‌ലാമിക തീവ്രവാദികളെന്നാണ് സംശയം. ക്രൈസ്തവർക്കെതിരെ രാജ്യത്ത് വർധിച്ചു വരുന്ന കൂട്ട തട്ടിക്കൊണ്ടുപോകലുകളുടെയും ആക്രമണങ്ങളുടെയും ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.

ഇന്നലെ നടന്ന ആക്രമണത്തിനിടെ ചില വിദ്യാർത്ഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ നൽകുന്ന ഏറ്റവും പുതിയ കണക്കനുസരിച്ച് 303 വിദ്യാർത്ഥികളെയും 12 അദ്ധ്യാപകരെയും സംഘം തട്ടിക്കൊണ്ടു പോയത്. നേരത്തെ 215 വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരിൽ 10 വയസ്സുള്ള കുട്ടികൾ വരെയുണ്ട്.

കണക്കെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് വിദ്യാർത്ഥികളുടെ എണ്ണം പുതുക്കിയതെന്ന് സി.എ.എൻ. നൈജർ സംസ്ഥാന ചാപ്റ്റർ ചെയർമാൻ മോസ്റ്റ്. റവ. ബുലസ് ദൗവ യോഹന്ന അറിയിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ കാണാൻ ഇന്നലെ അദ്ദേഹം സെന്റ് മേരീസ് സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. തട്ടിക്കൊണ്ടുപോയവരിൽ 10നും 18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു.

പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനായി വടക്കൻ നൈജീരിയയിലെ ചില ഫെഡറൽ, സംസ്ഥാന തലത്തിലുള്ള സ്കൂളുകൾ താൽക്കാലികമായി അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.

നൈജീരിയയുടെ തലസ്ഥാനമായ അബൂജയോട് ചേർന്നുള്ള നൈജർ സംസ്ഥാനത്ത് നടന്ന ഈ കൂട്ട തട്ടിക്കൊണ്ടുപോകൽ, ഈയിടെ ക്വാരയിൽ പള്ളിക്ക് നേരെയുണ്ടായ സമാനമായ ആക്രമണത്തിന് പിന്നാലെയാണ്. അന്ന് രണ്ട് പേർ കൊല്ലപ്പെടുകയും പാസ്റ്റർ ഉൾപ്പെടെ നിരവധി ആരാധകരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

കൂടാതെ, വടക്ക്-പടിഞ്ഞാറൻ കെബ്ബി സംസ്ഥാനത്തെ ഒരു ഗവൺമെന്റ് ഗേൾസ് ബോർഡിംഗ് സ്കൂളിൽ ഈ ആഴ്ചയുണ്ടായ ആക്രമണത്തിൽ 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഈ ആക്രമണത്തിനിടെ സ്കൂൾ വൈസ് പ്രിൻസിപ്പൽ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു.

തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും വനങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു .

നൈജീരിയയിൽ സായുധസംഘങ്ങൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമണങ്ങൾ വർധിച്ചുവരുകയാണ്. മതപരമായ ലക്ഷ്യങ്ങളോടുകൂടിയ ആക്രമണങ്ങൾ, വംശീയ/സാമുദായിക സംഘർഷങ്ങൾ എന്നിവയാൽ രാജ്യം വലയുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ച തന്നെ നിരവധി പേരെയാണ് ഇത്തരത്തിൽ അക്രമികൾ തട്ടിക്കൊണ്ടുപോയത്.

Related Articles

Latest Articles