ദില്ലി: ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയിൽ അടിയന്തരമായി
പരിഗണിക്കണമെന്നുള്ള ആവശ്യം സുപ്രീംകോടതി തള്ളി. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാൻ ഹർജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിർദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
അതേസമയം, ജെഎൻയുവിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് എ ബി വി പി അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതുവിധേനയും പ്രദർശനം തടയുമെന്ന നിലപാടിലാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ. ഇന്ന് വൈകിട്ട് 4 മണിക്കാണ് കേരള സ്റ്റോറി എ ബി വി ബി പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലാണ് പ്രദർശനം.

