Monday, December 15, 2025

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും ഭീകരരുമായി ഏറ്റുമുട്ടുന്നത്. പോലീസും സൈന്യവും ചേർന്നാണ് ഭീകരരെ നേരിടുന്നത്.

പുൽവാമ സ്വദേശികളായ റയീസ് അഹമ്മദ്, റയീസ് അഹമ്മദ് ധർ എന്നിവരാണ് പിടിയിലായത്. ലഷ്‌കർ ഇ ത്വയ്ബയുടെ കശ്മീർ ഘടകമായ ദി റസിസ്റ്റന്റ് ഫ്രണ്ടിൽ പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പിടിയിലായ ഭീകരരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.

നിഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘം വെടിയുതിർത്തതോടെ സേന പ്രത്യാക്രമണം നടത്തുകയാണ്. ഏറ്റുമുട്ടലിൽ സുരക്ഷ സേനാംഗങ്ങളിൽ ആർക്കും പരിക്കില്ല. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles