ബാഗ്‌ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിൻ്റെ ഇറാഖിലെ മേധാവിയും എട്ട് മുതിർന്ന തീവ്രവാദി നേതാക്കളും സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി ഇറാഖ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
സലാഹുദ്ദീൻ പ്രവിശ്യയിലെ ഹമ്രിൻ മലനിരകളിൽ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡിനു കീഴിലുള്ള ദേശീയ സുരക്ഷാ വിഭാഗവും ഭീകരവിരുദ്ധ സേനയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിൻ്റെ ഇറാഖിലെ മേധാവി ജാസിം അൽ മസ്‌റൂയി അബു അബ്ദുൾ ഖാദർ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി പറഞ്ഞു.
ഇറാഖിൽ തീവ്രവാദികൾക്ക് സ്ഥാനമില്ലെന്നും അവരുടെ ഒളിത്താവളങ്ങളിലേക്ക് അവരെ പിന്തുടരുമെന്നും അവരെ ഉന്മൂലനം ചെയ്യുമെന്നും അൽ സുഡാനി പ്രസ്താവനയിൽ പറഞ്ഞു. അബ്ദുൾ ഖാദറിനൊപ്പം ഓപ്പറേഷനിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചതിന് ശേഷമാകും പ്രഖ്യാപിക്കുക. തീവ്രവാദികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉപകരണങ്ങളും പിടിച്ചെടുത്തതായും പ്രസ്താവനയിൽ പറയുന്നു.

