തിരുവനന്തപുരം : ശ്രീകണ്‌ഠേശ്വരം മുന്‍ കൗണ്‍സിലറും ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എം എസ് കുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവിതാംകൂര്‍ സഹകരണ സംഘവുമായി ബന്ധപ്പെട്ട് നേരത്തെ എം എസ് കുമാർ നടത്തിയ ആരോപണങ്ങൾ ചർച്ചയായിരുന്നു.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ കരമന ജയന്‍, സംസ്ഥാന ഉപാദ്ധ്യക്ഷൻ സോമന്‍ എന്നിവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രീകണ്‌ഠേശ്വരത്ത് എത്തിയത്. ശ്രീകണ്‌ഠേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ഉദ്ഘാടനം ചെയ്ത ശേഷം എം എസ് കുമാറിന്റെ വീട്ടിലെത്തി. തുടർന്ന് രാജീവ് ചന്ദ്രശേഖറും കുമാറും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. കുമാറിന്റെ എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാകണമെന്നും കുമാറിനോട് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ സംസ്ഥാന അദ്ധ്യക്ഷനടക്കം വിഷയത്തിൽ ഇടപെടാത്തത്തിൽ ചെറിയ പരിഭവവും കുമാറിനുണ്ടായിരുന്നു. ഇത്തരം പരിഭവങ്ങൾക്കും ആശങ്കൾക്കും വിരാമമിടാനും ‘രാജീവ് നയതന്ത്രത്തിലൂടെ’ കഴിഞ്ഞു.
ബിജെപിയിലെ ആദ്യ കാല സഹകാരികളില്‍ ഒരാളാണ് എംഎസ് കുമാര്‍. ആര്‍ എസ് പിയിലെ വിദ്യാര്‍ത്ഥ പ്രസ്ഥാനത്തിലൂടെ വളര്‍ന്ന കുമാര്‍ പിന്നീട് ആര്‍ എസ് എസുമായി സഹകരിച്ചു. എംഎ ബേബിയും സുരേഷ് കുറുപ്പും സിപി ജോണും അടക്കമുള്ള വലിയ സൗഹൃദവും കുമാറിനുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യകാല ബിജെപി കൗണ്‍സിലറുമായി. പിപി മുകുന്ദന്റെ അടുത്ത അനുയായി ആയിരുന്ന കുമാര്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുമായി.

