ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ ദുഃഖം രേഖപ്പടുത്തി മാണ്ഡി എംപി കങ്കണാ റണാവത്ത്. ദുരിത ബാധിതരായ ആളുകളെ ഉടൻ സന്ദർശിക്കുമെന്നും അവർക്ക് വേണ്ട എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും കങ്കണാ റണാവത്ത് പറഞ്ഞു. ദുരന്ത വാർത്ത അറിഞ്ഞതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കങ്കണ.
ദുരന്തത്തിന് പിന്നാലെ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും സമർപ്പിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം വളരെയധികം ദുസ്സഹമാണ്. ഇതുപോലുള്ള ദുരന്തങ്ങൾ ഹിമാചലിലെ ജനങ്ങളെ നിരന്തരം വേട്ടയാടാറുണ്ട്. ദുരിതാശ്വാസ നിധികളിലൂടെ സംസ്ഥാനത്തിന് കൂടുതൽ ധനസഹായങ്ങൾ നൽകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. ഉടൻ തന്നെ ദുരിതബാധിതരെ സന്ദർശിക്കുമെന്നും കങ്കണാ റണാവത്ത് പ്രതികരിച്ചു.
ഹിമാചലിലുണ്ടായ മേഘവിസ്ഫോടനത്തിൽപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. 49 പേരെ കാണാതായിട്ടുണ്ട്. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്.

