Monday, January 5, 2026

വടകരയിലെ ഇഡി റെയ്‌ഡിനു പിന്നാലെ സിഎം രവീന്ദ്രൻ ആശുപത്രി വിട്ടു; രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയിലിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. കോവിഡ് മുക്തനായതിന് പിന്നാലെ ബുധനാഴ്ചയാണ് സി.എം.രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രവീന്ദ്രൻ ഹാജരായിരുന്നില്ല. രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇന്നലെ ഇ.ഡിക്ക് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു.

ചോദ്യം ചെയ്യലിനുള്ള ആദ്യ നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെയാണ് രവീന്ദ്രൻ കൊവിഡ് ബാധിതനായത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവായ രവീന്ദ്രൻ ആഴ്ചകളോളം ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്നു. രോഗ മുക്തനായതിന് പിന്നാലെ വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബുധനാഴ്ച നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രൻ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. കൊവിഡാന്തര പ്രശ്നങ്ങള്‍ മൂലം ശ്വാസതടസം ഉണ്ടാകുന്നുവെന്നാണ് രവീന്ദ്രൻ ഡോക്ടർമാരെ അറിയിച്ചത്.

അതേസമയം സി.എം രവീന്ദ്രന് ബിനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് റെയ്ഡ് നടന്നത്. പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. സ്ഥാപനങ്ങളിലെ രേഖകൾ പരിശോധിച്ച ഇഡി സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിവന്ന മൂലധനം എവിടെ നിന്നാണെന്നും അന്വേഷിച്ചു.

നേരത്തെ രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്നും കൊവിഡ് ബാധിതനായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിരുന്നു. രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും പറഞ്ഞിരുന്നു. രവീന്ദ്രന് കോവിഡാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ട് നിരീക്ഷണത്തില്‍ പോയില്ലെന്നു ചോദിച്ച മുരളീധരൻ വാസ്തവത്തില്‍ അദ്ദേഹത്തിന് കോവിഡ് ഉണ്ടോ ഇല്ലെയോ എന്ന ചോദ്യങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും പറഞ്ഞു.

Related Articles

Latest Articles