Saturday, December 13, 2025

മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ കള്ളപ്പണം വെളിപ്പിച്ചുവെന്ന് ഇ ഡി വിലയിരുത്തൽ; എസ് എഫ് ഐ ഒ കുറ്റപത്രം പരിശോധിച്ച് കൂടതൽ നടപടികൾ ഉടൻ; വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യലിന് ഉടക്കുവച്ച ധൈര്യത്തിൽ പ്രതികൾ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനടക്കം പ്രതിയായ മാസപ്പടിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് വിലയിരുത്തി ഇ ഡി. എസ് എഫ് ഐ ഒ കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് ഏജൻസിയുടെ വിലയിരുത്തൽ. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ സത്യവീർ സിംഗ് ആണ് കോടതിയിൽ നിന്ന് കുറ്റപത്രം ഏറ്റുവാങ്ങിയത്. തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ സിനി ഐ ആർ എസിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ച ശേഷമാണ് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന് ഇ ഡി വിലയിരുത്തിയത്. ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ഏജൻസി വിലയിരുത്തുന്നത്.

ഉടൻ തന്നെ കേസിൽ ഇ ഡി തുടർ നടപടികളിലേക്ക് കടക്കും. എന്നാൽ പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിന് നിയമപരമായ ബുദ്ധിമുട്ട് ഇപ്പോൾ ഇ ഡിയ്ക്കുണ്ട്. ഒരു വർഷം മുമ്പ് പ്രതികളെ വിളിച്ചുവരുത്തുന്നത് വിലക്കി ഹൈക്കോടതി നൽകിയ ഒരു സ്റ്റേ നിലനിൽക്കുന്നുണ്ട്. ഈ സ്റ്റേ നീക്കാനുള്ള ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി ഇപ്പോൾ വെക്കേഷനിലാണ്. പ്രതികളെ ചോദ്യം ചെയ്യാൻ ഒന്നുകിൽ ഹർജി വെക്കേഷൻ ബെഞ്ച് പരിഗണിക്കണം അല്ലെങ്കിൽ അവധിക്ക് ശേഷം കോടതി പരിഗണിച്ച് സ്റ്റേ നീക്കം ചെയ്യണം.

കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനടക്കം 13 പ്രതികളുണ്ട്. വീണാ വിജയൻ പതിനൊന്നാം പ്രതിയാണ്. സി എം ആർ എൽ എം ഡി ശശിധരൻ കർത്തയാണ് കേസിൽ ഒന്നാം പ്രതി. 200 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നു എന്നാണ് എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാ ലോജിക്കിന്റെ അക്കൗണ്ടിലേക്ക് 1.8 കോടി രൂപ സേവനമൊന്നും നൽകാതെ എത്തിയതായി ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡും കണ്ടെത്തിയിരുന്നു.

Related Articles

Latest Articles