Friday, December 19, 2025

സഹ നിർമ്മാതാവിന്റെ പരാതി!! ആര്‍ഡിഎക്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വഞ്ചനാക്കുറ്റമടക്കം ചുമത്തി കേസ്

കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ പൊലീസാണ് വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി കേസെടുത്തത്. ആര്‍ഡിഎക്‌സ് സിനിമയുടെ നിർമ്മാതകളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിർമ്മാതാവുമായ അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് നടപടി. സിനിമയുടെ നിര്‍മാണത്തിനായി 6 കോടി നല്‍കിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നായിരുന്നു പരാതി.

രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും അഞ്ജന പരാതിയില്‍ പറയുന്നു. ‘ആറ് കോടി രൂപയാണ് സിനിമക്ക് വേണ്ടി മുടക്കിയത്. 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ വാഗ്ദാനം പാലിക്കുകയോ മുടക്കിയ പണത്തിന്റെ കണക്ക് നല്‍കിയിട്ടോയില്ല. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്,’ പരാതിയില്‍ പറയുന്നു.

വ്യാജ രേഖകള്‍ ഉണ്ടാക്കി നിർമ്മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നും സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ആര്‍ഡിഎക്‌സ്.

Related Articles

Latest Articles